ഗാൾ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ അപൂർവ റെക്കോർഡ് നേട്ടത്തിന് ഉടമയായി. തന്റെ ടെസ്റ്റ് കരിയറിലെ 30-ാം മത്സരത്തിനിറങ്ങിയ താരം ഇതുവരെ കളിച്ച 30 ടെസ്റ്റുകളും വ്യത്യസ്ത വേദികളിലായാണ് പൂർത്തിയാക്കിയത്. ഇതോടെ സച്ചിൻ ടെൻഡുൽക്കർ, സഞ്ജയ് മഞ്ജരേക്കർ എന്നിവർ ഉൾപ്പെട്ട പട്ടികയിലേക്കാണ് ജയ്സ്വാൾ ഇടംപിടിച്ചത്. 33 മത്സരങ്ങൾ വ്യത്യസ്ത വേദികളിൽ കളിച്ച സഞ്ജയ് മഞ്ജരേക്കറാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. സച്ചിൻ ടെൻഡുൽക്കർ തന്റെ ആദ്യ 32 ടെസ്റ്റ് മത്സരങ്ങളും വ്യത്യസ്ത വേദികളിലായാണ് കളിച്ചത്.
അതേസമയം, ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 32 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യവെ ജയ്സ്വാൾ റണ്ണൗട്ടായി പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 11-ാം ഓവറിലെ അവസാന പന്തിൽ കെ.എൽ. രാഹുലുമായുണ്ടായ ആശയക്കുഴപ്പമാണ് താരത്തിന്റെ പുറത്താകലിൽ കലാശിച്ചത്. സിംഗിളിനായി ശ്രമിക്കുന്നതിനിടെ ഫീൽഡർ കേശര നുവാൻതരയുമായി കൂട്ടിയിടിച്ച് ജയ്സ്വാൾ ഗ്രൗണ്ടിൽ വീഴുകയായിരുന്നു. ഇതേത്തുടർന്ന് ഇരുവരും നോൺ-സ്ട്രൈക്കേഴ്സ് എൻഡിലെത്തുകയും, ക്രീസിലെത്തിയ രാഹുലിനെ പരിഗണിച്ച് അമ്പയർ ജയ്സ്വാളിനെ പുറത്തായതായി വിധിക്കുകയുമായിരുന്നു.
ജയ്സ്വാളിന്റെ ടെസ്റ്റ് കരിയറിലെ മൂന്നാമത്തെ റണ്ണൗട്ടാണിത്. നേരത്തെ 2024-ൽ മെൽബണിൽ ഓസ്ട്രേലിയക്കെതിരെയും, കഴിഞ്ഞ വർഷം ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരെയും താരം റണ്ണൗട്ടായിട്ടുണ്ട്. അന്ന് യഥാക്രമം 82 റൺസും 175 റൺസും നേടിയ ശേഷമായിരുന്നു താരം പുറത്തായത്.