കണ്ണൂർ: കനത്ത മഴയെത്തുടർന്ന് ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ (37) മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴയുടെ നടുവിലുള്ള തുരുത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.
തുരുത്തിൽ കുടുങ്ങിയ ബെന്നി എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകിയ ശേഷമായിരുന്നു രാജേഷ് പുഴ മുറിച്ചുകടക്കാൻ ശ്രമിച്ചത്. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ പരിശീലകനായിരുന്ന ഇദ്ദേഹം കയറിൽ പിടിച്ചു പുഴ കടക്കാൻ ശ്രമിക്കുമ്പോൾ പിടിവിട്ട് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, തണുത്ത വെള്ളത്തിൽ ശരീരം കോച്ചിപ്പിടിച്ചതിനെത്തുടർന്ന് രാജേഷ് മുങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
സാഹസിക പ്രവർത്തനങ്ങളിൽ അതിയായ താൽപര്യമുണ്ടായിരുന്ന രാജേഷ്, അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റി അംഗമായിരുന്നു. നേരത്തെ വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത അദ്ദേഹം ഒരു മാസം മുൻപാണ് പരിശീലനത്തിനായി കണ്ണൂരിലെത്തിയത്. ദേശീയ ത്രോബോൾ ടീം അംഗം കൂടിയായിരുന്ന രാജേഷ്, രാജശേഖരൻ-ഗീത ദമ്പതികളുടെ മകനാണ്. ഷാഫിയയാണ് ഭാര്യ. ആർഷൻ, അഭിഷേക് എന്നിവർ മക്കളും ആശ സഹോദരിയുമാണ്. രണ്ട് വർഷം മുൻപ് രാജേഷിന്റെ സഹോദരൻ രഞ്ജിത്തും അപകടത്തിൽ മരണപ്പെട്ടിരുന്നു.