ചെന്നൈ: ലിഫ്റ്റ് എത്തിയെന്ന് കരുതി മുന്നോട്ട് നടന്ന എഴുപതുകാരി ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് മരിച്ചു. ചെന്നൈ പല്ലാവരം ജിഎസ്ടി റോഡിൽ പ്രവർത്തിക്കുന്ന പ്രമുഖ ബിരിയാണി കടയിലെ ജീവനക്കാരിയായ മുംതാസാണ് ദാരുണമായി മരണപ്പെട്ടത്.
മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ രാവിലെ പത്തോടെ ജോലിക്കെത്തിയതായിരുന്നു മുംതാസ്. രണ്ടാം നിലയിൽ നിന്ന് താഴേക്ക് വരികയായിരുന്ന ലിഫ്റ്റ് ഒന്നാം നിലയിൽ എത്തുന്നതിന് മുൻപായി വാതിൽ തുറക്കുകയായിരുന്നു. ലിഫ്റ്റ് കൃത്യമായി നിലയോട് ചേർന്ന് നിൽക്കാതെ വാതിൽ തുറന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ലിഫ്റ്റ് എത്തിയെന്ന് തെറ്റിദ്ധരിച്ച് മുന്നോട്ട് നടന്ന മുംതാസ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു.
മുംതാസിന്റെ നിലവിളി കേട്ട് സുരക്ഷാ ജീവനക്കാർ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലിഫ്റ്റ് ഷാഫ്റ്റിന്റെ അടിയിൽ നിന്നും മൃതദേഹം പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി താംബരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റിന്റെ സുരക്ഷാ സംവിധാനത്തിലോ കേബിളിലോ ഉണ്ടായ സാങ്കേതിക തകരാറാണോ വാതിൽ അപ്രതീക്ഷിതമായി തുറക്കാൻ കാരണമായതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കെട്ടിടം വാടകയ്ക്കെടുത്താണ് ബിരിയാണി കട നടത്തിവരുന്നത്. അപകടം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ ദൃക്സാക്ഷികളിൽ നിന്നും മറ്റ് ജീവനക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പല്ലാവരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.