ചടയമംഗലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സേവാഭാരതി ചടയമംഗലം പഞ്ചായത്ത് സമിതിയും ജഡായു പാറ ടൂറിസവും സംയുക്തമായി യോഗ ദിനാചരണം സംഘടിപ്പിച്ചു. ജഡായു എർത്ത് സെന്റർ കേന്ദ്രീകരിച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
സേവാഭാരതി പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങ് രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ വിശേഷ സമ്പർക്ക പ്രമുഖ് എ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജഡായു എർത്ത് സെന്റർ മാനേജിംഗ് ഡയറക്ടർ രാജീവ് അഞ്ചൽ, ഒലീവിയ ഗ്രൂപ്പ് എം.ഡി. കെ. ടി. കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന യോഗ പരിശീലന ക്ലാസിന് അമൃത സ്കൂൾ ഓഫ് ആയുർവേദ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിഷ്ണുരാജ് നേതൃത്വം നൽകി. യോഗയിലൂടെ ശരീരവും മനസ്സും തമ്മിലുള്ള ഏകീകരണം സാധ്യമാക്കുന്നതിനെക്കുറിച്ചും ആരോഗ്യസംരക്ഷണത്തിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സേവാഭാരതി ചടയമംഗലം പഞ്ചായത്ത് സമിതി സെക്രട്ടറി ആർ. എസ്. ജയലാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ വി നന്ദിയും രേഖപ്പെടുത്തി. പ്രകൃതിയോട് ഇണങ്ങിനിന്നുള്ള ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു. യോഗയുടെ പ്രാധാന്യം സമൂഹത്തിന്റെ നാനാതുറകളിലേക്ക് വ്യാപിപ്പിക്കണമെന്ന സന്ദേശത്തോടെയാണ് പരിപാടി സമാപിച്ചത്.