മനാമ: ഗൾഫ് രാജ്യങ്ങളിൽ നിർമിക്കുന്ന ഉൽപന്നങ്ങൾക്കായി ഏകീകൃത ആഗോള ബ്രാൻഡ് രൂപീകരിക്കാൻ ജിസിസി രാജ്യങ്ങൾ തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ‘മെയ്ഡ് ഇൻ ജിസിസി 2026’ എന്ന പേരിൽ അന്താരാഷ്ട്ര ഫോറവും പ്രദർശനവും സംഘടിപ്പിക്കും. 2026 ഒക്ടോബർ 6 മുതൽ 8 വരെ ബഹ്റൈനിലെ എക്സിബിഷൻ വേൾഡ് ബഹ്റിനിലായിരിക്കും ഈ പരിപാടിയുടെ ആദ്യ പതിപ്പ് നടക്കുക. ഗൾഫ് രാജ്യങ്ങളുടെ വ്യവസായ സഹകരണവും ഉൽപാദന ശേഷിയും ആഗോളതലത്തിൽ ഉയർത്തുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
വ്യവസായ നയങ്ങൾ, സ്മാർട്ട് ഫാക്ടറികൾ, ഹരിത നിർമാണം, വിതരണ ശൃംഖല, ആഗോള വിപണി പ്രവേശനം, നിക്ഷേപ സാധ്യതകൾ തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഫോറത്തിൽ ചർച്ചകൾ നടക്കും. മേഖലയിൽ നിർമിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളും നൂതന സാങ്കേതികവിദ്യകളും പ്രദർശനത്തിൽ അണിനിരത്തും. ജിസിസി രാജ്യങ്ങളിലെ മന്ത്രിമാർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന ഈ പരിപാടി വ്യവസായ പങ്കാളിത്തത്തിനും പുതിയ നിക്ഷേപങ്ങൾക്കും വലിയ അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക-വ്യാവസായിക സഹകരണവും സംയോജനവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന മേഖലയിലെ ഏറ്റവും വലിയ വ്യവസായ സംഗമമായിരിക്കും ഇതെന്നും സംഘാടകർ വ്യക്തമാക്കുന്നു. അറിവ് പങ്കുവെക്കാനും വ്യാവസായിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും അത്യാധുനിക സാങ്കേതികവിദ്യകളുടെ സ്വീകാര്യത വേഗത്തിലാക്കാനും ഈ കൂട്ടായ്മ വേദിയാകും.