തിരുവനന്തപുരം: കർക്കടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യവിൽപ്പനശാലകൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി ഉത്തരവിറക്കി. ആഗസ്റ്റ് 11 രാത്രി 12 മണി മുതൽ ആഗസ്റ്റ് 12 ഉച്ചയ്ക്ക് 2 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവ് പ്രകാരം, തിരുവനന്തപുരം കോർപ്പറേഷൻ പരിധി, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ എല്ലാ മദ്യവിൽപ്പനശാലകളും ഈ സമയപരിധിയിൽ അടച്ചിടണം. കർക്കടക വാവുബലി പ്രമാണിച്ച് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം എന്നിവിടങ്ങളിലും പരിസരങ്ങളിലുമാണ് നിയന്ത്രണം കർശനമാക്കിയിട്ടുള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭക്തർ സുഗമമായി ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും, പ്രദേശത്തെ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരമൊരു മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.