കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനേഴുകാരന് ദാരുണാന്ത്യം. മായനാട് ഒഴുക്കര മേലേതട്ടാരി ഷബീറിന്റെ മകൻ അലി അഫാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
അഫാൻ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലും സ്കൂട്ടർ ബസിലേക്ക് ഇടിച്ചുകയറുന്നത് വ്യക്തമായി കാണാൻ സാധിക്കും. ഉടൻ തന്നെ അഫാനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ചും ബസിന്റെ അമിതവേഗത ഉൾപ്പെടെയുള്ള കാര്യങ്ങളിലും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.