കോഴിക്കോട്: മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ് രംഗത്ത്. കോഴിക്കോട് വാകയാട് സ്വദേശിയും മദ്രസ അധ്യാപകനുമായ അബൂബക്കറിനും പള്ളിക്കമ്മിറ്റിക്കുമെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പലതവണ പോക്സോ കേസിൽ പ്രതിയായിട്ടും ഇയാൾ വീണ്ടും മദ്രസയിൽ അധ്യാപകനായി തുടരുന്നത് വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
2023-ലാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. മൊബൈൽ ഫോണിൽ വീഡിയോ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മൂന്ന് തവണ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ഇയാൾ മറ്റ് മദ്രസകളിൽ അധ്യാപകനായി ജോലി ചെയ്യുന്നത് തുടരുകയാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
കേസ് ഒത്തുതീർപ്പാക്കാൻ പള്ളി കമ്മിറ്റി തന്നോട് ആവശ്യപ്പെട്ടതായി അതിജീവിതയുടെ പിതാവ് പറഞ്ഞു. 2019-ൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. 2023-ലും 2024-ലും പ്രതി സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സമസ്ത നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വിഭാഗീയതയുടെ പേരിൽ വിഷയത്തിൽ ഇടപെടാൻ സംഘടനകൾ വിസമ്മതിക്കുകയാണെന്നും, കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവർക്ക് പിന്തുണ ലഭിക്കുന്നത് സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.