ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം തുടരുന്നു. വനിതകളുടെ 58 കിലോ ഭാരോദ്വഹന വിഭാഗത്തിൽ ബിന്ദ്യാറാണി ദേവിയാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. 55 കിലോ വിഭാഗത്തിൽ നിന്ന് ഉയർന്ന ഭാരവിഭാഗത്തിലേക്ക് മാറിയ ശേഷമുള്ള ആദ്യ കോമൺവെൽത്ത് ഗെയിംസിലാണ് മണിപ്പൂർ സ്വദേശിനിയായ താരം വീണ്ടും പോഡിയം കയറുന്നത്. ഇതോടെ തുടർച്ചയായ രണ്ട് കോമൺവെൽത്ത് ഗെയിംസുകളിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ബിന്ദ്യാറാണി സ്വന്തമാക്കി.
സ്നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 112 കിലോയും ഉൾപ്പെടെ ആകെ 199 കിലോ ഭാരമാണ് ബിന്ദ്യാറാണി ഉയർത്തിയത്. നൈജീരിയയുടെ റഫിയാതു ഫൊലഷാദെ ലവാൽ 229 കിലോ ഉയർത്തി കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയപ്പോൾ, കാനഡയുടെ ആൻ-സോഫി ടാഷറോ 215 കിലോയുമായി വെള്ളി കരസ്ഥമാക്കി. സ്നാച്ചിൽ 87 കിലോ ഉയർത്തിയ ബിന്ദ്യാറാണി നാലാം സ്ഥാനത്തായിരുന്നു. തുടർന്നുള്ള ക്ലീൻ ആൻഡ് ജർക്കിൽ ആദ്യ ശ്രമത്തിൽ 110 കിലോ ഉയർത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് അസാധുവായി. എന്നാൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് രണ്ടാം ശ്രമത്തിൽ 112 കിലോ വിജയകരമായി ഉയർത്തി താരം മെഡൽ ഉറപ്പിക്കുകയായിരുന്നു.
2022-ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 55 കിലോ വിഭാഗത്തിൽ വെള്ളി നേടിയ ബിന്ദ്യാറാണി, അന്നേ ഗെയിംസ് റെക്കോർഡും സ്ഥാപിച്ചിരുന്നു. തായ്ക്വാണ്ടോ താരമായി കരിയർ ആരംഭിച്ച ബിന്ദ്യാറാണി 2013-ലാണ് ഭാരോദ്വഹനത്തിലേക്ക് മാറിയത്. 2023-ൽ രണ്ട് കാൽമുട്ടുകളിലുമുണ്ടായ പരിക്കുകൾ കരിയറിന് തിരിച്ചടിയായെങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ബിന്ദ്യാറാണിയുടെ വെങ്കല മെഡലോടെ കോമൺവെൽത്ത് ഗെയിംസിലെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു. മിറാബായ് ചാനു സ്വർണവും റിഷികാന്ത സിങ്, മുത്തുപാണ്ടി രാജ, ജ്ഞാനേശ്വരി യാദവ് എന്നിവർ വെള്ളിയും ഇതിനകം നേടിയിട്ടുണ്ട്.