കോതമംഗലം: അരുണാചൽ പ്രദേശ് സ്വദേശിയും കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയുമായ മിർച്ചി മാർപ്പുവിനെ (20) കോഴിപ്പിള്ളിയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുനിന്ന് ഹിന്ദിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
മിർച്ചിയുടെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെ സഹപാഠികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജിന്റെ മാനുഷികപരിഗണനയില്ലാത്ത നയങ്ങളും വിദ്യാർത്ഥികളോടുള്ള ക്രൂരമായ സമീപനവുമാണ് മരണത്തിന് കാരണമായതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോർ നിബന്ധനയെച്ചൊല്ലിയുള്ള ആശങ്കയും കോളേജ് അധികൃതരിൽ നിന്നുണ്ടായ മാനസിക പീഡനവും മിർച്ചിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. മറ്റ് എൻജിനീയറിങ് കോളേജുകളിൽ കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ, എം.എ കോളേജിൽ ഇത് 22 ആയി ഉയർത്തിയിരിക്കുകയാണ്. വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാനേജ്മെന്റ് നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായിരുന്നില്ല.
യാതൊരു മുന്നറിയിപ്പുമില്ലാതെ ഒന്നര മാസം മുൻപ് മിർച്ചി ഉൾപ്പെടെ 22-ഓളം വിദ്യാർത്ഥികളെ കോളേജ് അധികൃതർ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ സെമസ്റ്റർ രജിസ്ട്രേഷന് അനുവദിച്ചില്ലെന്ന് മാത്രമല്ല, അറ്റൻഡൻസ് ലിസ്റ്റിൽ നിന്ന് പേരുകൾ വെട്ടിമാറ്റുകയും ചെയ്തു. അന്യസംസ്ഥാനത്തുനിന്ന് എത്തിയ മിർച്ചി ഉൾപ്പെടെയുള്ളവർക്ക് ഭാഷാപരമായ പരിമിതികളും കൂടിയായപ്പോൾ കടുത്ത മാനസിക പ്രതിസന്ധിയിലായി. പരാതിയുമായി എത്തിയ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും പ്രിൻസിപ്പൽ വളരെ മോശമായി പെരുമാറിയെന്നും, സ്വയംഭരണാധികാരത്തിന്റെ മറവിൽ വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടുകയാണെന്നും സഹപാഠികൾ ആരോപിക്കുന്നു. സംഭവം ഒതുക്കിത്തീർക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധമാണ് കോളേജിന് മുന്നിൽ നടക്കുന്നത്.