കോട്ടയം: കുറവിലങ്ങാട് റേഞ്ച് എക്സൈസ് സംഘം നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് പ്രദേശത്ത് വിൽപന നടത്തിയിരുന്ന മിലൻ (37) എന്നയാളെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ കുറച്ചുനാളുകളായി എക്സൈസ് സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
കോട്ടയം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി യുവാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഉയർന്ന വിലയ്ക്ക് വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാളുടെ പക്കൽ നിന്ന് മൂന്ന് കിലോ മുപ്പത് ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗീസ്, പ്രിവന്റീവ് ഓഫീസർമാരായ ജോബി അഗസ്റ്റിൻ, അശോക് ബി. നായർ, എം.ആർ. രജനീഷ്, പി.പി. മഹേഷ്, വേണുഗോപാൽ കെ. ബാബു, നോബി ടി. സുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാത്യു ജോസഫ്, ഒ.എ. അരുൺലാൽ, പി.എം. അമൽ, ഡ്രൈവർ സന്തോഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും കഞ്ചാവ് കടത്തിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും വ്യക്തത വരുത്താൻ ശ്രമം തുടരുകയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു.