കൊച്ചി: പാലക്കാട് കൊല്ലങ്കോട് പന്ത്രണ്ടുകാരി മരിച്ച സംഭവത്തിൽ പത്ത് വർഷമായിട്ടും വ്യക്തത വരാത്ത ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി സിബിഐക്ക് കൈമാറാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മരണത്തിന് മുൻപ് പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിലനിൽക്കെയാണ് കേസ് കേന്ദ്ര ഏജൻസിക്ക് വിടാൻ കോടതി നിർദ്ദേശിച്ചത്. ഇതിനു പുറമെ, കഴിഞ്ഞ 13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ നടന്ന സമാനമായ 23 കുട്ടികളുടെ അസ്വാഭാവിക മരണങ്ങളിലും പ്രാഥമിക അന്വേഷണം നടത്താൻ സിബിഐക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. കൊല്ലങ്കോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ അവസ്ഥാ റിപ്പോർട്ട് കോടതി വിശദമായി പരിശോധിച്ചു. പത്ത് വർഷമായിട്ടും കേസിൽ കാര്യമായ പുരോഗതിയോ വ്യക്തതയോ വരുത്താൻ സംസ്ഥാന അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവായത്. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ സാക്ഷ്യപ്പെടുത്തി സർക്കാർ കോടതിയിൽ സമർപ്പിച്ച വസ്തുതാവിവരണ പത്രികയിലെ 23 കുട്ടികളുടെ മരണങ്ങളെക്കുറിച്ചാണ് സിബിഐ ഇനി പ്രാഥമികമായി അന്വേഷിക്കുക.
കേസിൽ സിബിഐക്ക് മറുപടി നൽകുന്നതിന് മുൻപായി, കേസ് ഡയറികളും മറ്റ് നിർണ്ണായക വിവരങ്ങളും ശേഖരിക്കുന്നതിനായി സംസ്ഥാന പോലീസ് ആസ്ഥാനത്തും പാലക്കാട് ജില്ലാ പോലീസ് മേധാവിയുമായി നേരിട്ട് ബന്ധപ്പെടാൻ കോടതി അനുവാദം നൽകിയിട്ടുണ്ട്. കുട്ടികളുടെ തുടർച്ചയായ ഇത്തരം അസ്വാഭാവിക മരണങ്ങൾക്ക് പിന്നിൽ സാമൂഹികമായ ചില പ്രത്യേക ഘടകങ്ങൾ കാരണമായിട്ടുണ്ടാകാമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ കക്ഷി ചേർന്ന കേരള സംസ്ഥാന നിയമ സേവന അതോറിറ്റി (കെൽസ), കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബോധവൽക്കരണ പരിപാടികൾ ശക്തമാക്കുന്നതിനുമായി തയ്യാറാക്കിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു. തുടർനടപടികൾക്കായി കേസ് ഓഗസ്റ്റ് ആറിലേക്ക് മാറ്റി.