കൊല്ലം: പരവൂര്‍ പുത്തന്‍കുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും ദാരുണാന്ത്യം. തൊണ്ണൂറ്റിയാറുകാരിയായ തങ്കമ്മ, മകൻ എഴുപതുകാരനായ ശിവദാസൻ എന്നിവരാണ് മരിച്ചത്. ഇരുവരും താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്.
വീടിനുള്ളില്‍ തീപടർന്ന വിവരം അറിഞ്ഞയുടൻ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയെങ്കിലും വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അസ്വാഭാവികതയുണ്ടോയെന്നതടക്കം വിവിധ വശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും അധികൃതർ അറിയിച്ചു.