തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കും ലാഭമെടുക്കലിനും പിന്നാലെയാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലനം ഉണ്ടായത്. ഇന്നത്തെ മാറ്റത്തോടെ സ്വർണം ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് കുറഞ്ഞത്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,315 രൂപയിലും, പവന് 1,06,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വിലയിലും സമാനമായ ഇടിവ് ദൃശ്യമായിട്ടുണ്ട്. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 240 രൂപ എന്ന നിരക്കിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 10,945 രൂപയിലാണ് 18 കാരറ്റ് വിഭാഗം ഇപ്പോൾ വ്യാപാരം തുടരുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ വില വ്യതിയാനങ്ങൾക്ക് പ്രധാന കാരണം. വിപണിയിൽ ലാഭമെടുക്കൽ ശക്തമായതിനെ തുടർന്ന് ആഗോളതലത്തിൽ സ്വർണവില ഔൺസിന് 4166 ഡോളറിൽ നിന്ന് 4128 ഡോളറായി കുറഞ്ഞിരുന്നു. ഈ പ്രവണതയാണ് സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽ പ്രതിഫലിച്ചത്. ആഗോള വിപണിയിലെ ഈ അസ്ഥിരത വരും ദിവസങ്ങളിലും വിലയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.