സംസ്ഥാനം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കും ലാഭമെടുക്കലിനും പിന്നാലെയാണ് സ്വർണവിലയിൽ വലിയ കുറവുണ്ടായത്. ഇന്ന് ഗ്രാമിന് 125 രൂപയുടെയും പവന് 1000 രൂപയുടെയും ഇടിവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,315 രൂപയായും പവന് 1,06,520 രൂപയായും താഴ്ന്നു.
വെള്ളി വിലയിലും സമാനമായ ഇടിവ് ദൃശ്യമായിട്ടുണ്ട്. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 240 രൂപ നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം നടക്കുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗണ്യമായ കുറവുണ്ടായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 10,945 രൂപയിലാണ് 18 കാരറ്റ് സ്വർണം വ്യാപാരം തുടരുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ വിപണിയിലെ വില വ്യതിയാനങ്ങൾക്ക് പ്രധാന കാരണം. വിപണിയിൽ ലാഭമെടുക്കൽ ശക്തമായതിനെ തുടർന്ന് ആഗോളതലത്തിൽ സ്വർണവില ഔൺസിന് 4166 ഡോളറിൽ നിന്ന് 4128 ഡോളറായി കുറഞ്ഞിരുന്നു. ഈ പ്രവണതയാണ് സംസ്ഥാനത്തെ സ്വർണ വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിലെ ഈ അസ്ഥിരത വരും ദിവസങ്ങളിലും വിലയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.