തിരുവനന്തപുരം: മുഖം വെളുപ്പിക്കാനായി ഉപയോഗിക്കുന്ന പാകിസ്ഥാൻ നിർമിത ക്രീമുകളിൽ അനുവദനീയമായതിലും അധികം മെർക്കുറി കണ്ടെത്തിയതായി ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മുന്നറിയിപ്പ്. വിപണിയിൽ വ്യാപകമായി ലഭിക്കുന്ന ‘ഫൈസ’ (Faiza), ‘ഗോറി’ (Goree) തുടങ്ങിയ സൗന്ദര്യവർദ്ധക ക്രീമുകളിലാണ് ആരോഗ്യത്തിന് ഹാനികരമായ അളവിൽ മെർക്കുറിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്തരം ഉൽപ്പന്നങ്ങളിൽ മെർക്കുറിയുടെ അളവ് ഒരു ശതമാനം പി.പി.എം (PPM) മാത്രമായിരിക്കണമെന്നിരിക്കെ, പരിശോധനയിൽ 20,000 പി.പി.എം വരെ മെർക്കുറി കണ്ടെത്തിയത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിൽപ്പന തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായാണ് നിർണായക കണ്ടെത്തൽ ഉണ്ടായത്. മതിയായ രേഖകളോ പർച്ചേസ് ബില്ലുകളോ ഇല്ലാതെയാണ് ഇത്തരം പാകിസ്ഥാൻ നിർമിത ക്രീമുകൾ വിപണിയിൽ എത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മെർക്കുറിയുടെ അമിത സാന്നിധ്യമുള്ള ഈ ക്രീമുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, വിപണിയിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കാനും നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ സൗന്ദര്യയുടെ നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തുടനീളം 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും നിർമ്മാണ ലൈസൻസ് ഇല്ലാത്തതുമായ ഉൽപ്പന്നങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. ഫേസ് ക്രീമുകൾക്ക് പുറമെ ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവയുടെ സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ നിർമ്മാതാവിന്റെ പേരും വിലാസവും ഉൾപ്പെടെയുള്ള ലേബലിംഗ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. സംശയാസ്പദമായ സൗന്ദര്യവർദ്ധക വസ്തുക്കളെക്കുറിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ടോൾ ഫ്രീ ഹെൽപ്ലൈൻ നമ്പറായ 1800-425-3182-ൽ പരാതി അറിയിക്കാവുന്നതാണ്.