കൊച്ചി: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ബുധനാഴ്ച മുതൽ വേനൽമഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമാണ് പ്രധാനമായും ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
രണ്ട് ദിവസത്തിന് ശേഷം മഴയെത്തുമെന്നത് ആശ്വാസകരമാണെങ്കിലും സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. ഇന്ന് പലർക്കും സൂര്യാതപമേറ്റു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം.