കാസർഗോഡ്: വിദ്യാനഗറിൽ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു. ഉദയഗിരി കൈലാസപുരം സ്വദേശി അബൂബക്കറിന്റെ മകൻ ഇ. ഷഹീദ് (മുഹമ്മദ് ഷാഹിദ് – 16) ആണ് മരിച്ചത്. നായന്മാർമൂല ടിഐഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹീദ്.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. സഹോദരങ്ങൾക്കൊപ്പം വീടിന് സമീപത്തുള്ള കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഷഹീദ്. കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളത്തിന്റെ ആഴങ്ങളിലേക്ക് ഷഹീദ് താണുപോവുകയായിരുന്നു. സഹോദരങ്ങൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുളത്തിലെ അമിതമായ ആഴം കാരണം സാധിച്ചില്ല.
വിവരമറിഞ്ഞ ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഷഹീദിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.