കൊച്ചി: പാർലമെന്റ് സമുച്ചയത്തിൽ സ്വതന്ത്ര എം.പി. പപ്പു യാദവ് നടത്തിയ പ്രതിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശബരിമല കർമ്മ സമിതി രംഗത്ത്. കാവിവസ്ത്രം ധരിച്ച് ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ കാണിക്കയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നതിനായി നടത്തിയ നാടകീയ പ്രതിഷേധം ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തെയും സന്യാസി സമൂഹത്തിന്റെ ആത്മാഭിമാനത്തെയും വ്രണപ്പെടുത്തുന്നതാണെന്ന് ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്. ജെ. ആർ. കുമാർ പ്രസ്താവനയിൽ ആരോപിച്ചു. പൂജാരിയുടെ വേഷത്തിൽ കാണിക്കവഞ്ചിയുമായി നടത്തിയ പ്രതിഷേധത്തിനിടയിൽ, കാണിക്കപ്പെട്ടിയിൽ ഇടേണ്ട പണം സ്വന്തം പോക്കറ്റിൽ ഇടുന്നതായി അഭിനയിച്ചത് കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനിക്കുന്നതാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
കാവിവസ്ത്രം ഒരു രാഷ്ട്രീയ വേഷവിധാനമല്ലെന്നും, അത് ത്യാഗത്തിന്റെയും തപസ്സിന്റെയും ആത്മനിയന്ത്രണത്തിന്റെയും സനാതന ധർമ്മസംരക്ഷണത്തിന്റെയും വിശുദ്ധ പ്രതീകമാണെന്നും കുമാർ വ്യക്തമാക്കി. ആ വിശുദ്ധ പ്രതീകത്തെ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാക്കിയത് ന്യായീകരിക്കാനാകില്ല. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ആരോപണങ്ങളുണ്ടെങ്കിൽ ഭരണഘടനാപരവും നിയമപരവുമായ മാർഗങ്ങൾ സ്വീകരിക്കുകയോ അന്വേഷണം ആവശ്യപ്പെടുകയോ ചെയ്യാം. എന്നാൽ വിശ്വാസസമൂഹത്തിന്റെ പവിത്ര പ്രതീകങ്ങളെ പരിഹസിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെത്തുടർന്ന് ലോക്സഭാ സ്പീക്കർ അതൃപ്തി രേഖപ്പെടുത്തുകയും ഡൽഹിയിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനോടും പാർലമെന്റ് അധികാരികളോടും നാല് പ്രധാന ആവശ്യങ്ങൾ ശബരിമല കർമ്മ സമിതി മുന്നോട്ടുവെച്ചു. പാർലമെന്റിന്റെ അന്തസ്സിന് കളങ്കം വരുത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുക, കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ച നടപടിക്കെതിരെ പാർലമെന്റിന്റെ ചട്ടങ്ങൾ അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കുക, മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം രാഷ്ട്രീയ നാടകങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക, പപ്പു യാദവ് ഹിന്ദുസമൂഹത്തോടും സന്യാസി സമൂഹത്തോടും പരസ്യമായി മാപ്പ് പറയുക എന്നിവയാണ് ആവശ്യങ്ങൾ. സനാതന ധർമ്മത്തിന്റെ ആത്മീയ പാരമ്പര്യത്തെ സംരക്ഷിക്കുക എന്നത് ഭാരതത്തിന്റെ സംസ്കാരത്തെ ആദരിക്കുന്ന ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് സമിതി ഓർമ്മിപ്പിച്ചു.