ശ്രീനഗർ: കശ്മീരി പണ്ഡിറ്റ് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സർവാനന്ദ കൗൾ പ്രേമിയുടെയും മകൻ വീരേന്ദർ കൗളിന്റെയും കൊലപാതകക്കേസിൽ അന്വേഷണം ഊർജിതമാക്കി ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (SIA). കേസുമായി ബന്ധപ്പെട്ട് ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഒൻപത് ഇടങ്ങളിൽ എസ്ഐഎ സംഘം പരിശോധന നടത്തി. 1990-കളിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന തീവ്രവാദ ആക്രമണങ്ങളും കൊലപാതകങ്ങളും പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
1990 ഏപ്രിൽ മാസത്തിലാണ് സർവന്ദ കൗൾ പ്രേമി (65), മകൻ വീരേന്ദർ (27) എന്നിവരെ വീടുകളിൽ നിന്ന് അക്രമികൾ ബലമായി പിടിച്ചുകൊണ്ടുപോയത്. കശ്മീരിലെ മതസൗഹാർദ പാരമ്പര്യത്തിൽ വിശ്വസിച്ച് തീവ്രവാദ ഭീഷണി അവഗണിച്ച് സ്വന്തം നാട്ടിൽ തുടരാൻ തീരുമാനിച്ച വ്യക്തിയായിരുന്നു സർവാനന്ദ കൗൾ പ്രേമി. ദിവസങ്ങൾക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കൊലപ്പെടുത്തുന്നതിന് മുൻപ് ക്രൂരമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
36 വർഷങ്ങൾക്ക് ശേഷമാണ് ഈ കേസിൽ അന്വേഷണം വീണ്ടും സജീവമാകുന്നത്. ദൂരു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസാണ് നിലവിൽ എസ്ഐഎ ഏറ്റെടുത്തിരിക്കുന്നത്. കശ്മീരി പണ്ഡിറ്റ് സമൂഹത്തെ ലക്ഷ്യമിട്ട് അക്കാലത്ത് നടന്ന ആസൂത്രിതമായ അക്രമങ്ങളുടെ ചുരുളഴിക്കാനാണ് അന്വേഷണ ഏജൻസിയുടെ ശ്രമം. ഈ കാലയളവിൽ നടന്ന സമാനമായ മറ്റ് കേസുകളിലും അന്വേഷണം ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.