കരുമാലൂർ: എറണാകുളം ജില്ലയിലെ കരുമാലൂരിലെ കടയിൽ നിന്ന് വാങ്ങിയ ചോക്ലേറ്റിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കരുമാലൂർ സ്വദേശിയായ അഭിലാഷിന് സഹോദരി വാങ്ങി നൽകിയ ഡയറി മിൽക്ക് ക്രിസ്പലോ ചോക്ലേറ്റിലാണ് പുഴുവിനെയും അവയുടെ കൂടുകളും കണ്ടെത്തിയത്. 40 രൂപ വിലയുള്ള ചോക്ലേറ്റ് ഇന്ന് ഉച്ചയോടെയാണ് പ്രദേശത്തെ കടയിൽ നിന്ന് വാങ്ങിയത്.
ഉപയോഗ കാലാവധി അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് ചോക്ലേറ്റിൽ നിന്ന് പുഴുക്കളെ കണ്ടെത്തിയത്. പാക്കറ്റിലെ രേഖകൾ പ്രകാരം 2027 ജനുവരി 12 വരെയായിരുന്നു ഉൽപ്പന്നത്തിന്റെ കാലാവധി. ചോക്ലേറ്റ് കവർ തുറന്ന ഉടൻ തന്നെ പുഴുക്കളെ ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് ഉപഭോക്താവ് വ്യക്തമാക്കി.
സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യ വകുപ്പിനും അഭിലാഷ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. അതേസമയം, വിഷയത്തിൽ ചോക്ലേറ്റ് നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.