ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ കരിങ്കടലിൽ വാണിജ്യ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. റഷ്യയുടെ പ്രാദേശിക സമുദ്രപരിധിയിലൂടെ സഞ്ചരിക്കുകയായിരുന്ന, മാർഷൽ ദ്വീപുകളുടെ പതാകയുള്ള എം.വി. ഒമോർഫി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് പുറപ്പെട്ട കപ്പലിലെ പത്ത് ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യക്കാരായിരുന്നു.
കൊല്ലപ്പെട്ട ഇന്ത്യൻ നാവികന്റെ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ലെങ്കിലും, സംഭവത്തിൽ കുടുംബാംഗങ്ങളോട് കേന്ദ്ര സർക്കാർ അനുശോചനം രേഖപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. റഷ്യയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും, മരിച്ച നാവികന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സമുദ്രഗതാഗതത്തിന്റെ സുരക്ഷയും അന്താരാഷ്ട്ര വ്യാപാരത്തിന്റെ തടസമില്ലാത്ത ഒഴുക്കും ഉറപ്പാക്കാൻ എല്ലാ കക്ഷികളും അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടു. സിവിലിയൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം ആക്രമണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ യുക്രൈൻ തീരത്തിനടുത്ത് എം.വി. ഗോൾഡൻ ലിയോ എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു.