തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിക്ക് നേരെ അതിക്രൂരമായ ആക്രമണം. കടയ്ക്കാവൂർ സ്വദേശിയായ വിജി (38)ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കടയ്ക്കാവൂർ ചാവടിമുക്കിൽ വെച്ച് നടന്ന ആക്രമണത്തിൽ യുവതിയുടെ രണ്ട് കൈകൾക്കും ഗുരുതരമായി വെട്ടേറ്റു. ഒരു കൈ ഏതാണ്ട് അറ്റുപോയ നിലയിലാണെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ വിജിയെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ നൽകുന്ന വിവരം. യുവതിയുടെ രണ്ടാം ഭർത്താവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞയുടൻ കടയ്ക്കാവൂർ പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്.