ഗുരുവായൂർ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തമായ മുന്നേറ്റത്തിന്റെ പാതയിലാണ്. ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളും യുഎസ് പലിശനിരക്കുകളെക്കുറിച്ചുള്ള ആശങ്കകളിലെ കുറവും വിപണിക്ക് വലിയ ഉണര്‍വേകിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയിലെ തളര്‍ച്ചയും ഐടി മേഖലയിലെ മികച്ച വാങ്ങല്‍ താല്പര്യവും സൂചികകൾക്ക് കരുത്തുപകരുന്നു. യുഎസിലെ തൊഴില്‍ ഡാറ്റ പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നതോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറഞ്ഞത് നിക്ഷേപകർക്ക് ആശ്വാസമായി. ഇതിനു പിന്നാലെ ഏഷ്യന്‍ വിപണികളിലും സമാനമായ പോസിറ്റീവ് പ്രവണതയാണ് ദൃശ്യമാകുന്നത്.
ഇന്ന് വ്യാപാരം ആരംഭിച്ച നിഫ്റ്റി 50 സൂചിക ശക്തമായ ഗ്യാപ്പ്-അപ്പ് ഓപ്പണിംഗിലൂടെ 24,375.65 എന്ന പുതിയ ഉയരത്തിലെത്തി. സാങ്കേതികമായി സൂചിക ഇപ്പോൾ അസെന്‍ഡിംഗ് ചാനലിലാണ് സഞ്ചരിക്കുന്നത്. 24,340 – 24,400 സോണിൽ നേരിയ ലാഭമെടുപ്പ് പ്രകടമാണെങ്കിലും, ഈ നിലവാരം മറികടന്നാൽ 24,500 – 24,600 മേഖലയിലേക്ക് സൂചിക കുതിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, 24,200, 24,078 എന്നിവ സുപ്രധാന സപ്പോര്‍ട്ട് ലെവലുകളായി തുടരും. ഇന്ത്യാ വിക്സ് സൂചികയിലുണ്ടായ 7 ശതമാനത്തിലധികം ഇടിവ് വിപണിയിലെ അസ്ഥിരത കുറഞ്ഞതായും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായും സൂചിപ്പിക്കുന്നു.
ഐടി മേഖലയിലെ പ്രമുഖ കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസ് സ്വന്തമാക്കിയ 1.14 ബില്യൺ ഡോളറിന്റെ മെഗാ കരാർ വിപണിക്ക് വലിയ ഉത്തേജനമായിട്ടുണ്ട്. കൂടാതെ ബജാജ് ഫിനാന്‍സ്, ഡിമാര്‍ട്ട്, മരിക്കോ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ കമ്പനികൾ പുറത്തുവിട്ട മികച്ച ബിസിനസ്സ് അപ്ഡേറ്റുകളും റീട്ടെയിൽ ക്രെഡിറ്റ് ഡിമാൻഡ് വർദ്ധിച്ചതും ഓഹരി വിപണിയിലെ ബുള്ളിഷ് ട്രെൻഡ് ശക്തിപ്പെടുത്തുന്നു. കോര്‍പ്പറേറ്റ് വരുമാന സീസണിന് മുന്നോടിയായി പ്രകടമാകുന്ന ഈ കരുത്ത് നിക്ഷേപകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഐടി ഓഹരികളിലെ സമീപകാല തിരുത്തലുകൾ മികച്ച വാങ്ങൽ അവസരങ്ങളായി നിക്ഷേപകർ കാണുന്നുണ്ട്.