പാലക്കാട്: വരാനിരിക്കുന്ന ഓണാഘോഷ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പാലക്കാട് പോലീസ് പിടികൂടി. സംഭവത്തിൽ മംഗലാപുരം സ്വദേശിനിയായ യുവതിയും ഭർത്താവും സുഹൃത്തുമടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, അസറുദീന്റെ ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് ഒലവക്കോട്ട് വെച്ച് പോലീസിന്റെ പിടിയിലായത്.
എംഡിഎംഎ അടക്കം ഒരു കിലോയോളം വരുന്ന മാരക ലഹരിമരുന്ന് ശേഖരമാണ് ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുള്ളത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിൽ ബെംഗളൂരുവിൽ നിന്നും മലപ്പുറം ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് പുലർച്ചെ പാലക്കാട് നോർത്ത് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
പോലീസിനെ വെട്ടിച്ച് അമിതവേഗത്തിൽ പാഞ്ഞുപോകാൻ ശ്രമിച്ച കാറിനെ പിന്തുടർന്നാണ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തിയത്. ഓണക്കാലത്തെ പ്രത്യേക വിൽപ്പന ലക്ഷ്യമിട്ടാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായവർ സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വൻ ലഹരി മാഫിയ റാക്കറ്റിനെക്കുറിച്ച് അന്വേഷണം വിപുലമാക്കിയതായി പോലീസ് അറിയിച്ചു.