തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസമേകാൻ ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി. നിലവിൽ എട്ട് കോച്ചുകൾ ഉണ്ടായിരുന്ന ട്രെയിൻ ഇനിമുതൽ 16 കോച്ചുകളുമായാണ് സർവീസ് നടത്തുക. തിങ്കളാഴ്ച മുതൽ പുതിയ സംവിധാനത്തിൽ ട്രെയിൻ ഓടിത്തുടങ്ങും.
കോച്ചുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ബംഗളൂരു-എറണാകുളം വന്ദേഭാരത് സർവീസ് ആരംഭിച്ചത്. നിലവിൽ എട്ട് കോച്ചുകളിലായി 530 സീറ്റുകളാണ് ഉണ്ടായിരുന്നത്. 16 കോച്ചുകളാകുന്നതോടെ സീറ്റുകളുടെ എണ്ണം 1,128 ആയി ഉയരും. ഇതിലൂടെ 598 അധിക സീറ്റുകൾ യാത്രക്കാർക്ക് ലഭ്യമാകും.
ഭക്ഷണം ഉൾപ്പെടെയുള്ള ചെയർ കാർ ടിക്കറ്റിന് 1,670 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3,030 രൂപയുമാണ് നിലവിൽ ഈ സർവീസിലെ നിരക്ക്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കോച്ചുകൾ വർധിപ്പിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.