ന്യൂയോർക്ക്: ഒരു ലക്ഷം കോടി ഡോളറിലേറെ ആസ്തിയുള്ള ആദ്യ ശതകോടീശ്വരൻ എന്ന സ്വപ്ന നേട്ടത്തിലേക്ക് അടുക്കുകയാണ് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. സ്പേസ് എക്സിന്റെ ഐപിഒ വഴി വ്യാഴാഴ്ച റെക്കോർഡ് തുക സമാഹരിച്ചതാണ് മസ്കിന്റെ ആസ്തിയിൽ വൻ വർധനവുണ്ടാക്കിയത്. ഈ നേട്ടത്തോടെ അദ്ദേഹത്തിന്റെ ആസ്തി വരും ദിവസങ്ങളിൽ 1.1 ട്രില്യൺ ഡോളർ കവിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വ്യാഴാഴ്ച നടന്ന ഐപിഒയിലൂടെ 75 ബില്യൺ ഡോളറാണ് കമ്പനി സമാഹരിച്ചത്. നിലവിൽ സ്പേസ് എക്സിന്റെ പൊതു സ്റ്റോക്കിന്റെ ഏകദേശം 42 ശതമാനം ഓഹരികൾ, അതായത് 4.8 ബില്യൺ ഓഹരികൾ മസ്കിന്റെ കൈവശമാണുള്ളത്. സ്പേസ് എക്സിലെ മസ്കിന്റെ ഓഹരി മൂല്യം മാത്രം നിലവിൽ 860 ബില്യൺ ഡോളറായി ഉയർന്നു. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഇലോൺ മസ്കിന്റെ ആസ്തി നിലവിൽ 97100 കോടി ഡോളറാണ്. 2026-ൽ മാത്രം അദ്ദേഹത്തിന്റെ സമ്പത്തിൽ 35100 കോടി ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ ലോകത്തിലെ രണ്ടാമത്തെ ധനികനായ ലാറി പേജിനേക്കാൾ മൂന്ന് മടങ്ങ് അധികം സമ്പത്താണ് മസ്കിനുള്ളത്. സെർജി ബ്രിൻ, ജെഫ് ബെസോസ് എന്നിവരും ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിലുണ്ട്.
ടെസ്ലയിലൂടെയും സ്പേസ് എക്സിലൂടെയും സൃഷ്ടിച്ച സാമ്പത്തിക വളർച്ച മസ്കിനെ ലോകത്തിലെ മറ്റ് ശതകോടീശ്വരന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. 2008-ൽ ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് ആയി ചുമതലയേറ്റ മസ്ക്, ഇലക്ട്രിക് വാഹന വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് പരമ്പരാഗത കാർ നിർമ്മാതാക്കളെ പോലും ഈ മേഖലയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. 2022-ൽ 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതും അദ്ദേഹത്തിന്റെ ബിസിനസ്സ് ജീവിതത്തിലെ നിർണ്ണായക ഘട്ടമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ ജനിച്ച 54 കാരനായ മസ്ക്, 1997-ൽ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്. യുഎസ് ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിലെ സുപ്രധാന സ്ഥാനവും അദ്ദേഹത്തിന്റെ പ്രഭാവം വർധിപ്പിച്ചിട്ടുണ്ട്.