ന്യൂഡൽഹി: യു.എസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 48 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഡൽഹിയിലെ യു.എസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജേസൺ മീക്സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (അമേരിക്കാസ്) ആണ് വിഷയത്തിൽ ഔദ്യോഗികമായി പ്രതികരണം അറിയിച്ചത്.
വ്യാഴാഴ്ച ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം 20 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന ‘എംടി ജൽവീർ’ എന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായതാണ് നടപടിക്ക് കാരണം. ഗിനിയൻ പതാകയേന്തിയ കപ്പലിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ഒമാനിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. നേരത്തെ ‘എംടി മാരിവെക്സ്’ എന്ന കപ്പലിന് നേരെയും ആക്രമണം നടന്നിരുന്നു. കപ്പലിന് തീപിടിച്ചെങ്കിലും ഇതിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചു.
പലാവു പതാകയേന്തിയ ‘എംടി സെറ്റബെല്ലോ’ എന്ന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെട്ട സംഭവം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ 24 പേരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായ മൂന്ന് പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ ജീവനക്കാരുടെ മരണം വലിയ നഷ്ടമാണെന്നും മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം സർക്കാരുണ്ടാകുമെന്നും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി. മധ്യേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ വാണിജ്യ കപ്പലുകൾക്കും ജീവനക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അന്താരാഷ്ട്ര കപ്പൽപാതകൾ സുരക്ഷിതമായിരിക്കണമെന്നും ഇന്ത്യ യു.എസിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.