ന്യൂഡൽഹി: പാകിസ്ഥാനുമായി ബന്ധം പുലർത്തിയെന്നും ഭീകര സംഘടനയായ ഐഎസ്ഐഎസുമായി ബന്ധമുണ്ടെന്നുമുള്ള സംശയത്തെ തുടർന്ന് കർണാടകയിലെ കലബുറഗിയിൽ രണ്ട് പേർ പിടിയിലായി. മുഹമ്മദ് സമീർ, സൽമാൻ എന്നിവരെയാണ് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (യുപി എടിഎസ്) കസ്റ്റഡിയിലെടുത്തത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കലബുറഗി താലൂക്കിലെ ഉപ്പളം ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുനിന്നാണ് ഇവരെ പിടികൂടിയത്. നിലവിൽ കലബുറഗിയിലെ രഹസ്യ കേന്ദ്രത്തിൽ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
കലബുറഗിയിലെ ഫെയർ എക്സ്പോർട്സ് ബീഫ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണ് പ്രതികൾ. ഇരുവരും പാകിസ്ഥാനുമായി നടത്തിയ ആശയവിനിമയങ്ങളും ഐഎസ്ഐഎസ് ബന്ധവും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. എടിഎസ് നടത്തിയ പരിശോധനയിൽ സമീർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഭൂപടങ്ങൾ കണ്ടെടുത്തത് കേസിൽ നിർണായകമായിട്ടുണ്ട്. ഈ ഭൂപടങ്ങൾ എന്തിനുവേണ്ടിയാണ് സൂക്ഷിച്ചിരുന്നതെന്നും ഇതിന് ഗൂഢാലോചനയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ.
കർണാടകയിൽ പാക് ബന്ധം സംശയിക്കുന്ന കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ജൂലൈ 11-ന് ചിക്കബെല്ലാപുര ജില്ലയിൽ വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ താമസിച്ചതിന് പാകിസ്ഥാൻ സ്വദേശിനിയായ ഫർഹ നാസ്, മകൻ മുഹമ്മദ് ഫർദീൻ ഖാൻ എന്നിവരെ ബാഗേപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് വിവിധ ഇന്ത്യൻ രേഖകൾ പിടിച്ചെടുത്തിരുന്നു. രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. പാകിസ്ഥാനുമായോ ഭീകര സംഘടനകളുമായോ പ്രതികൾക്ക് കൃത്യമായ ബന്ധമുണ്ടോ എന്നത് അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ വ്യക്തമാക്കി.