ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ കോൺഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ചടങ്ങിനിടെ വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഡൽഹിയിലും കർണാടകയിലും ഔദ്യോഗികമായി പരാതി നൽകി. ഡൽഹി ഐപി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിൽ രണ്ട് പ്രമുഖ അഭിഭാഷകരാണ് സോണിയ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പരാതി നൽകിയത്. മംഗളൂരു ഉർവ പോലീസ് സ്റ്റേഷനിൽ ബിജെപി നേതാക്കളായ വികാസ് പുറ്റൂ, രാജഗോപാൽ എന്നിവർ നൽകിയ പരാതിക്ക് പിന്നാലെ ബെംഗളൂരുവിലും ബിജെപി യുവമോർച്ച സമാനമായ പരാതി പോലീസിൽ സമർപ്പിച്ചിട്ടുണ്ട്. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്നും ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് പ്രധാന ആരോപണം.
എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന സംഭവത്തിൽ കോൺഗ്രസ് സേവാദൾ നേതൃത്വം ഹൈക്കമാൻഡിന് വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, മുൻ അധ്യക്ഷൻ ലാൽജി ദേശായി എന്നിവരാണ് നേതൃത്വവുമായി സംസാരിച്ചത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് മുൻകൂട്ടി നൽകാൻ വിട്ടുപോയതാണ് ആലാപനം നീളാൻ കാരണമായതെന്ന് ഇവർ വ്യക്തമാക്കി. ആലാപനത്തിനിടെ നേതാക്കൾ സംസാരിക്കുന്നതും സോണിയ ഗാന്ധി ആലാപനം നിർത്താൻ ചേഷ്ടകളിലൂടെ ആവശ്യപ്പെടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.
വിഷയം രാഷ്ട്രീയമായി ഉന്നയിച്ച് ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ കോൺഗ്രസിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെ രൂക്ഷമായി വിമർശിച്ചു. സോണിയ ഗാന്ധിക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) വിഷയത്തിൽ കോൺഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തി. സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടാണെന്നും വന്ദേമാതരം പാടിത്തീരുന്നത് വരെ കാത്തിരിക്കാനുള്ള മര്യാദ അവർ കാണിക്കണമായിരുന്നുവെന്നും വിഎച്ച്പി വക്താവ് സുരേന്ദ്ര ജെയിൻ വിമർശിച്ചു.