കൊച്ചി: ഊന്നുകൽ എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലിൽ പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കിയ ശേഷമാണ് ഇയാളെ എറണാകുളത്തേക്ക് കൊണ്ടുപോയത്. നിലവിൽ മറ്റ് കേസുകളിൽ റിമാൻഡിൽ കഴിയുന്ന അർജുനെ കോടതിയിൽ ഹാജരാക്കിയെങ്കിലും നിലവിലുള്ള റിമാൻഡ് നടപടികൾ തുടരും.
അന്വേഷണത്തിനിടെ അർജുൻ ഒളിവിൽ കഴിയുന്നതിനായി ഉപയോഗിച്ച കാർ പൊലീസ് കണ്ടെടുത്തു. ഇയാളുടെ ബന്ധുവായ കുട്ടന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കാൻ ഈ കാർ ഉപയോഗിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്.
നേരത്തെ കണ്ണൂർ സൈബർ ക്രൈം പൊലീസ് മൂന്ന് ദിവസത്തേക്ക് അർജുനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഈ സമയത്ത് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ താൻ തനിച്ചാണ് ചെയ്തതെന്നാണ് ഇയാൾ നൽകിയ മൊഴിയെന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.