ലഖ്നൗ: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഉത്തർപ്രദേശ് സർക്കാർ എംഎസ്എംഇ പ്രോത്സാഹന നയം വിപുലീകരിച്ചു. പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുക, നിലവിലുള്ള സംരംഭങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി സംരംഭകർക്ക് വലിയ ആശ്വാസമാകും.
2017-ൽ ആരംഭിച്ചതും 2022-ൽ പുതുക്കിയതുമായ നയത്തിലൂടെ ഏകദേശം 90 ലക്ഷം എംഎസ്എംഇ യൂണിറ്റുകൾക്കാണ് നിലവിൽ സാമ്പത്തിക സഹായങ്ങൾ ലഭ്യമാകുന്നത്. രാജ്യത്തെ മൊത്തം എംഎസ്എംഇ യൂണിറ്റുകളിൽ 14 ശതമാനവും ഉത്തർപ്രദേശിലാണെന്നത് കണക്കിലെടുക്കുമ്പോൾ ഈ നയം നിർണായകമാണ്. പ്രധാനമായും ബുണ്ടേൽഖണ്ഡ്, പൂർവാഞ്ചൽ തുടങ്ങിയ പിന്നാക്ക മേഖലകളിലെ വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതാണ് പുതിയ നയം. ഇത്തരം പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന യൂണിറ്റുകൾക്ക് 25 ശതമാനം വരെ മൂലധന സബ്സിഡി ലഭിക്കും. മധ്യാഞ്ചൽ, പശ്ചിമാഞ്ചൽ മേഖലകളിലെ സംരംഭങ്ങൾക്കും നിശ്ചിത നിരക്കുകളിൽ സബ്സിഡി അനുവദിക്കും. വനിതാ സംരംഭകർക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും രണ്ട് ശതമാനം അധിക ആനുകൂല്യവും മൈക്രോ സംരംഭങ്ങൾക്ക് അഞ്ച് വർഷം വരെ ടേം ലോൺ പലിശയുടെ 50 ശതമാനം വരെ സർക്കാർ തിരിച്ചും നൽകും.
ബുണ്ടേൽഖണ്ഡ്, പൂർവാഞ്ചൽ മേഖലകളിൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 100 ശതമാനം വരെ ഇളവും, മറ്റ് മേഖലകളിൽ 75 ശതമാനം വരെ ഇളവും ലഭ്യമാണ്. കൂടാതെ, അഞ്ച് വർഷത്തേക്ക് തൊഴിലുടമയുടെ ഇപിഎഫ് വിഹിതം തിരിച്ചടയ്ക്കുന്നതിനും, പേറ്റന്റ്-ഗുണനിലവാര സർട്ടിഫിക്കേഷനുകൾക്കുമുള്ള സാമ്പത്തിക സഹായങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എല്ലാ അപേക്ഷകളും ‘MSME1Connect’ എന്ന ഏകജാലക പോർട്ടൽ വഴി വേഗത്തിൽ തീർപ്പാക്കാനും നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനും സർക്കാർ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കരകൗശല വസ്തുക്കൾ, ഭക്ഷ്യസംസ്കരണം, റെഡിമെയ്ഡ് വസ്ത്രങ്ങൾ തുടങ്ങിയ പരമ്പരാഗത മേഖലകളിലെ വ്യവസായങ്ങൾക്ക് ഈ നയം വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.