ന്യൂഡൽഹി: ഇ-റിക്ഷകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വിദൂര നിയന്ത്രണത്തിലൂടെ പ്രവർത്തനരഹിതമാക്കാൻ സാധിക്കുമെന്ന സുരക്ഷാ ആശങ്കയെത്തുടർന്ന് ഏഴ് മൊബൈൽ ആപ്പുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. വാഹനങ്ങളുടെ സുരക്ഷയ്ക്കും യാത്രക്കാരുടെ സുരക്ഷിതമായ യാത്രയ്ക്കും ഈ ആപ്പുകൾ ഭീഷണിയാകുമെന്ന് വിലയിരുത്തിയ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ഇവ നീക്കം ചെയ്യാൻ ഗൂഗിളിനും ആപ്പിളിനും നിർദേശം നൽകുകയായിരുന്നു.
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമായ ‘BAT-BMS’, ‘SMART BMS’, ‘LOSSIGY’ തുടങ്ങിയ ആപ്പുകളാണ് നീക്കം ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്. ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങളിൽ അനധികൃതമായി ഇടപെടാൻ ഈ ആപ്പുകൾ ഉപയോഗിക്കപ്പെടുമെന്നതാണ് സർക്കാരിന്റെ പ്രധാന ആശങ്ക. ബാറ്ററിയുടെ ആരോഗ്യം നിരീക്ഷിക്കാനും ചാർജിങ് നില പരിശോധിക്കാനും ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ആപ്പുകളിലെ സുരക്ഷാ വീഴ്ചകൾ മുതലെടുത്ത്, പാസ്വേഡ് പരിശോധനയില്ലാതെ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് വാഹനത്തിന്റെ വൈദ്യുതി വിതരണം വിച്ഛേദിക്കാൻ കഴിയുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ഇ-റിക്ഷകളുടെ ബാറ്ററി മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് വിദൂരത്തുനിന്ന് ഓഫ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ഗൗരവകരമായത്. ബാറ്ററി പെട്ടെന്ന് പ്രവർത്തനം നിലച്ചതോടെ നടുറോഡിൽ വാഹനങ്ങൾ കുടുങ്ങിയത് യാത്രക്കാർക്കും ഡ്രൈവർമാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി. സംഭവത്തിൽ ഡൽഹി സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സാങ്കേതികവിദ്യകളുടെ ദുരുപയോഗം നിയമവിരുദ്ധമാണെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ബന്ധപ്പെട്ട ഏജൻസികൾ പരിശോധനകൾ നടത്തിവരികയാണ്.