ഗുരുവായൂർ: വർഷങ്ങളോളം കൃത്യമായി ഇൻഷുറൻസ് പ്രീമിയം അടച്ചിട്ടും, അത്യാവശ്യഘട്ടത്തിൽ ക്ലെയിം നിരസിക്കപ്പെടുന്നത് പോളിസി ഉടമകൾക്ക് വലിയ തിരിച്ചടിയാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങൾ മിക്കപ്പോഴും പോളിസി നിബന്ധനകളിലെ അറിവില്ലായ്മയോ, രേഖകളിലെ പിഴവോ മൂലമാണ് സംഭവിക്കുന്നത്. ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളും അവ എങ്ങനെ ഒഴിവാക്കാം എന്നതും സംബന്ധിച്ച വ്യക്തമായ ധാരണ ഓരോ പോളിസി ഉടമയ്ക്കും അനിവാര്യമാണ്.
പോളിസി എടുക്കുമ്പോൾ രോഗവിവരങ്ങൾ മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് ക്ലെയിം നിരസിക്കപ്പെടാൻ പ്രധാന കാരണമാകുന്നു. ഇതിനുപുറമെ, വെയ്റ്റിങ് പീരീഡ് പൂർത്തിയാകുന്നതിന് മുമ്പുള്ള ക്ലെയിമുകൾ, പോളിസിയിൽ ഉൾപ്പെടാത്ത ചികിത്സകൾ, പ്രീമിയം അടയ്ക്കാത്തതുകാരണം പോളിസി ലാപ്സ് ആകുന്നത്, ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം കൃത്യസമയത്ത് അറിയിക്കാതിരിക്കുന്നത്, ആവശ്യമായ രേഖകളുടെ കുറവ് എന്നിവയും ക്ലെയിം തടസ്സപ്പെടുത്താം. കൂടാതെ, റൂം റെന്റ് പരിധി പോലുള്ള നിബന്ധനകൾ ലംഘിക്കുന്നത് ലഭിക്കേണ്ട തുക കുറയാൻ കാരണമാകും. അതിനാൽ പോളിസി വാങ്ങുമ്പോൾ തന്നെ നിബന്ധനകൾ, വെയിറ്റിങ് പീരീഡ്, എക്സ്ക്ലൂഷൻസ് (ഒഴിവാക്കലുകൾ) എന്നിവയെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരിക്കണം.
ക്ലെയിം നിരസിക്കപ്പെട്ടാൽ, കമ്പനി നൽകിയ കാരണം രേഖാമൂലം വ്യക്തമായി പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. പോളിസിയിലെ ഏത് നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് വിലയിരുത്തുക. കമ്പനിയുടെ തീരുമാനം ന്യായമല്ലെന്ന് ബോധ്യപ്പെട്ടാൽ ഇൻഷുറൻസ് കമ്പനിയുടെ ഗ്രീവൻസ് റിഡ്രസൽ സെല്ലിൽ പരാതി നൽകാം. അവിടെ പരിഹാരമായില്ലെങ്കിൽ ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിക്കുകയോ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) പരാതി പരിഹാര സംവിധാനത്തെ ആശ്രയിക്കുകയോ ചെയ്യാവുന്നതാണ്. കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതും പോളിസി നടപടിക്രമങ്ങൾ പാലിക്കുന്നതും ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ സഹായിക്കും.