വാഷിംഗ്ടൺ: ഇറാൻ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി അമേരിക്ക വലിയ തുകയൊന്നും നൽകുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സമാധാന കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് നടത്തിയ പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അന്തിമ കരാറിന്റെ ഭാഗമായുള്ള പൂർണ്ണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മുമ്പ് ഇറാൻ അമേരിക്ക മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധനകൾ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
സമാധാന കരാറിന്റെ ഭാഗമായി ഇറാനു അമേരിക്ക വലിയ സാമ്പത്തിക സഹായം നൽകുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് ട്രംപ് തള്ളിക്കളഞ്ഞു. യുഎസ് ഇറാന് 30,000 കോടി ഡോളർ നൽകുമെന്നത് ഡെമോക്രാറ്റുകൾ പുറത്തുവിട്ട തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. നൂറ് ദിവസത്തിലധികം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് അയവുവരുന്നതിന്റെ സൂചനകളാണ് നിലവിൽ പുറത്തുവരുന്നത്. ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും ഉപരോധങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചുമുള്ള കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ നടന്നേക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്ക വിഷയങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇറാനിൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ അമേരിക്ക പിന്തുണ നൽകുമെന്ന സൂചനയുണ്ട്. കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അമേരിക്കയുടെ ഭാവി നടപടികൾ. ആണവായുധ നിർമ്മാണം ഉപേക്ഷിക്കുക, പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള സഹായം നിർത്തലാക്കുക തുടങ്ങിയവയാണ് കരാറിലെ പ്രധാന ഉപാധികൾ. ഈ സമാധാന നീക്കങ്ങളും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന സൂചനകളും ആഗോള വിപണിയിൽ വലിയ ഉണർവാണുണ്ടാക്കിയിരിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലും സ്വർണ്ണ വിലയിലും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിൽ വില മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.