ഇരിട്ടി: ബസ് സ്റ്റാൻഡിലെ ഇരിപ്പിടത്തെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകശ്രമത്തിൽ കലാശിച്ചു. ഇരിട്ടി ബസ് സ്റ്റാൻഡിൽ യാത്രക്കാരനായ കോളാരി സ്വദേശി നാസറിനെ കല്ലുകൊണ്ട് ആക്രമിച്ച സംഭവത്തിൽ കീഴൂർ സ്വദേശികളായ സുഭാഷ്, ഭാര്യ പാർവതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരിട്ടി ബസ് സ്റ്റാൻഡിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന നാസറിനോട് അവിടെനിന്ന് മാറണമെന്ന് ദമ്പതികൾ ആവശ്യപ്പെടുകയായിരുന്നു. തങ്ങൾ സ്ഥിരമായി ഇരിക്കുന്ന സ്ഥലമാണിതെന്നും ഇവിടെ ഇരിക്കാൻ പാടില്ലെന്നും ഇവർ വാദിച്ചു. ഇതിനെച്ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് ദമ്പതികൾ നാസറിനെ കല്ലുകൊണ്ട് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാസർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇരിട്ടി പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിടിയിലായ സുഭാഷ് ലഹരിക്കടത്ത് ഉൾപ്പെടെയുള്ള 16 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.