ജിന്ദ്: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസ് ഇന്ന് മുതൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുന്നു. ഹരിയാനയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ജിന്ദ്-സോണെപത് റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. രാജ്യത്തുടനീളം നടപ്പിലാക്കുന്ന 25,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നേട്ടവും യാഥാർത്ഥ്യമാകുന്നത്.
വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണത്തിൽ പങ്കുവഹിച്ച മേധ സെർവോ ഡ്രൈവ്സാണ് ഈ ഹൈഡ്രജൻ ട്രെയിൻസെറ്റ് സംയോജിപ്പിച്ചത്. ചെന്നൈയിലെ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് ട്രെയിനിന്റെ രൂപകൽപ്പനയും തീമും ഒരുക്കിയത്. റെയിൽവേ, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലായി നടപ്പിലാക്കുന്ന 25,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. നിലവിൽ ലോകത്ത് സർവീസ് നടത്തുന്ന ഹൈഡ്രജൻ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, 2,600 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 10 കോച്ചുകളാണ് ഇതിലുള്ളത്. ഇത് ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക മികവിന്റെ മികച്ച ഉദാഹരണമായി മാറും.
രണ്ട് ഹൈഡ്രജൻ ഡ്രൈവിംഗ് പവർ കാറുകളും എട്ട് ട്രെയിലർ കോച്ചുകളും ഉൾപ്പെടുന്നതാണ് ഈ ട്രെയിൻ. ഓരോ കോച്ചിലും ഇന്ധന സെല്ലുകൾ, ലിഥിയം-ഇരുമ്പ് ഫോസ്ഫേറ്റ് ബാറ്ററികൾ, ഹൈഡ്രജൻ സ്റ്റോറേജ് സിലിണ്ടറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ഓടാൻ ശേഷിയുള്ള ട്രെയിൻ, ആദ്യ ഘട്ടത്തിൽ 89 കിലോമീറ്റർ നീളുന്ന ജിന്ദ്-സോണെപത് റൂട്ടിലാണ് സർവീസ് നടത്തുക. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണിത്. സാങ്കേതികവിദ്യയുടെ ഉയർന്ന ചെലവിനെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നെങ്കിലും, പദ്ധതിയുമായി മുന്നോട്ട് പോകാൻ അശ്വിനി വൈഷ്ണവ് നേതൃപരമായ പങ്കുവഹിക്കുകയായിരുന്നു. ജിന്ദിലാണ് ട്രെയിനിനായുള്ള ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.