ജക്കാർത്ത: ശക്തമായ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടെ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ഉത്തര സുമാത്രയിൽ ശനിയാഴ്ച റിച്ചർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. നേരത്തെ രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം ഉണ്ടായതിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ പ്രകമ്പനം ഉണ്ടായത്. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) നൽകുന്ന വിവരപ്രകാരം ഭൂമിക്കടിയിൽ 175 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം.
ആഗസ്റ്റ് 15-ന് പുലർച്ചെ 3.28-ഓടെ ഫ്ലോറസ് തീരത്തുണ്ടായ 7.7 തീവ്രതയുള്ള ഭൂചലനമാണ് രാജ്യത്തെ ആദ്യം പിടിച്ചുകുലുക്കിയത്. ഈ ദുരന്തത്തിൽ രണ്ടുപേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഭൂചലനത്തെത്തുടർന്ന് ഈസ്റ്റ് നുസ തെംഗാരയുടെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. വിവിധ മേഖലകളിൽ മണ്ണിടിച്ചിലും വൈദ്യുതി തടസ്സവും വാർത്താവിനിമയ സംവിധാനങ്ങളുടെ തകരാറും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദുരന്തത്തിൽ കെട്ടിടങ്ങൾ തകർന്നുവീഴുകയും റോഡുകളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയിരിക്കുകയാണ്. മണ്ണിടിച്ചിലിൽ അകപ്പെട്ട രണ്ട് ഗ്രാമീണർക്കായി തെരച്ചിൽ തുടരുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് ഏകദേശം 2,000 നിവാസികളെ താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ഇന്തോനേഷ്യയിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസി അറിയിച്ചു. ഒരേ ദിവസം രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായതോടെ രാജ്യത്ത് ജനങ്ങൾ കടുത്ത ആശങ്കയിലാണ്.