കൊച്ചി: ആലുവയിൽ നിന്ന് കാണാതായ പന്ത്രണ്ട് വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടിക്കൊപ്പം ഓച്ചിറ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നിലവിൽ ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പി ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുമായി പൊലീസ് സംഘം കേരളത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങിവരാമെന്ന് പറഞ്ഞ് കരുമാലൂരിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു കുട്ടി. ധരിച്ചിരുന്ന വസ്ത്രത്തിൽ തന്നെ വീട് വിട്ടിറങ്ങിയ കുട്ടി അമ്മയുടെ മൊബൈൽ ഫോണും കൈക്കലാക്കിയിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ ബന്ധുക്കൾ തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാസർകോട് ആണെന്ന് കണ്ടെത്തിയതോടെ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. സാങ്കേതിക തെളിവുകളും ഫോൺ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ സമഗ്രമായ പരിശോധനയിലാണ് കുട്ടിയെ പൂനെയിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ ഇതര സംസ്ഥാനത്തേക്ക് എത്തിച്ച സാഹചര്യം, ഇരുവരും തമ്മിലുള്ള ബന്ധം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കേരളത്തിൽ എത്തിച്ച ശേഷം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.