ആലപ്പുഴ: കുടുംബവഴക്കിനെ തുടർന്ന് ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് (29) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30ഓടെ മംഗലത്തുള്ള മനീഷിന്റെ വാടകവീട്ടിലായിരുന്നു സംഭവം.
സംഭവത്തിൽ മനീഷിന്റെ ബന്ധുവായ റോബിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ അരൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. റോബിന്റെ ഭാര്യ മനീഷിന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിനിടെ റോബിന്റെ ഭാര്യയ്ക്കും നേരിയ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മനീഷിനെ നാട്ടുകാർ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട മനീഷും പ്രതി റോബിനും സഹോദരിമാരുടെ മക്കളാണ്. റോബിന്റെ ഭാര്യയും മനീഷും തമ്മിൽ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ നോർത്ത് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.