മുംബൈ: 2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി മത്സര ചട്ടങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ ബിസിസിഐ തീരുമാനിച്ചു. ബൗളിംഗ് നിയമങ്ങൾ, വിക്കറ്റ് കീപ്പിങ്, കോച്ചിങ് സംവിധാനങ്ങൾ എന്നിവയിൽ ഉൾപ്പെടെ നിരവധി പുതിയ ചട്ടങ്ങളാണ് അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫി മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും ബിസിസിഐ കൈമാറിയിട്ടുണ്ട്.
പുതിയ ചട്ടങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മനഃപൂർവം നോ-ബോൾ എറിയുന്ന ബൗളർമാർക്കെതിരായ കടുത്ത നടപടിയാണ്. ഇതുവരെ ഇത്തരം സാഹചര്യങ്ങളിൽ ആ ഇന്നിങ്സിൽ മാത്രമായിരുന്നു താരത്തെ സസ്പെൻഡ് ചെയ്തിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം, മനഃപൂർവം നോ-ബോൾ എറിഞ്ഞതായി ഓൺ-ഫീൽഡ് അമ്പയർമാർ കണ്ടെത്തിയാൽ മത്സരത്തിന്റെ ശേഷിക്കുന്ന എല്ലാ ദിവസങ്ങളിലും താരത്തിന് കളിക്കാനാകില്ല. കൂടാതെ, ഒരു ദിവസത്തെ കളിയിലെ അവസാന ഓവറിനിടെ വിക്കറ്റ് വീണാലും ആ ഓവർ പൂർത്തിയാക്കിയ ശേഷമേ കളി അവസാനിപ്പിക്കാവൂ എന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു. അവസാന ഇന്നിങ്സിൽ ഡിക്ലറേഷൻ നടത്താനോ ഇന്നിങ്സ് വിട്ടുകൊടുക്കാനോ ഇനി ടീമുകളെ അനുവദിക്കില്ല എന്നതും പ്രധാന മാറ്റമാണ്.
ആഭ്യന്തര ഏകദിന മത്സരങ്ങളിൽ ഹൈഡ്രേഷൻ ബ്രേക്ക് സമയത്ത് മുഖ്യപരിശീലകർക്ക് മൈതാനത്ത് പ്രവേശിക്കാനും ബിസിസിഐ അനുമതി നൽകി. ഇതുവഴി കളിക്കാർക്ക് നേരിട്ട് നിർദ്ദേശങ്ങൾ നൽകാൻ പരിശീലകർക്ക് സാധിക്കും. വിക്കറ്റ് കീപ്പർമാർക്കും ആശ്വാസം നൽകുന്നതാണ് പുതിയ നിയമഭേദഗതി. ഇനി ബൗളർ പന്ത് എറിയുന്ന നിമിഷത്തിൽ മാത്രം കീപ്പറുടെ ഗ്ലൗസുകൾ സ്റ്റമ്പിന് പിന്നിലായാൽ മതിയാകും. നിലവിൽ ബൗളർ റൺ-അപ്പ് ആരംഭിക്കുന്നതു മുതൽ തന്നെ ഗ്ലൗസുകൾ സ്റ്റമ്പിന് പിന്നിലായിരിക്കണമെന്നായിരുന്നു ചട്ടം. ദുലീപ് ട്രോഫിയിൽ പരീക്ഷിച്ച ശേഷം ഈ മാറ്റങ്ങൾ ആഭ്യന്തര സീസണിലെ മറ്റ് ടൂർണമെന്റുകളിലും നടപ്പാക്കും. ആഭ്യന്തര ക്രിക്കറ്റിലെ മത്സരക്രമങ്ങളിലും തന്ത്രങ്ങളിലും വലിയ മാറ്റങ്ങൾ ഈ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ.