അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്കനിർമാണ യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. രാമോൾ-ഗത്രാദ് റോഡിന് സമീപമുള്ള തുറസായ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന യൂണിറ്റിലായിരുന്നു അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കവെയാണ് മരണസംഖ്യ എട്ടായി ഉയർന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി വരികയാണ്.
സംഭവസമയത്ത് 12 മുതൽ 15 വരെ തൊഴിലാളികൾ യൂണിറ്റിൽ ജോലി ചെയ്തിരുന്നതായി ജോയിന്റ് പോലീസ് കമ്മിഷണർ ജയ്പാൽ സിങ് റാത്തോഡ് അറിയിച്ചു. യൂണിറ്റിന്റെ ഉടമ മെഹുൽ ഡോഡിയ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഫാക്ടറിയുടെ ലൈസൻസ് നേരത്തെ റദ്ദാക്കിയിരുന്നുവെങ്കിലും നിയമവിരുദ്ധമായി നിർമാണം തുടരുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തുറസായ സ്ഥലത്താണ് പടക്കനിർമാണം നടന്നിരുന്നത് എന്നതും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്ത് ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും മറ്റ് അന്വേഷണ ഏജൻസികളും പരിശോധന നടത്തിവരികയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. മനഃപൂർവമല്ലാത്ത നരഹത്യ, സ്ഫോടകവസ്തു നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.