ദിസ്പൂർ: അസമിൽ രൂക്ഷമായി തുടരുന്ന പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി വിവിധ സംസ്ഥാന സർക്കാരുകൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സംസ്ഥാനങ്ങൾ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, മണിപ്പൂർ സർക്കാരുകൾ ചേർന്ന് 16 കോടി രൂപയാണ് അസമിന് സഹായമായി നൽകുന്നത്.
പശ്ചിമ ബംഗാൾ സർക്കാർ 10 കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്. അസമിലെ നിലവിലെ പ്രളയ സാഹചര്യം അതീവ ഗുരുതരമാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ അയൽ സംസ്ഥാനമായ അസമിനൊപ്പം പശ്ചിമ ബംഗാൾ നിലകൊള്ളുമെന്നും അധികൃതർ വ്യക്തമാക്കി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അഞ്ച് കോടി രൂപയും, മണിപ്പൂർ സർക്കാർ ഒരു കോടി രൂപയും അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഈ തുക വിനിയോഗിക്കുമെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ അറിയിച്ചു.
പ്രളയക്കെടുതി നേരിടുന്ന അസമിന് കേന്ദ്രസർക്കാരും അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് 379.35 കോടി രൂപയാണ് കേന്ദ്രം കൈമാറിയത്. സംസ്ഥാനത്ത് പ്രളയം മൂലം മരണം 100 ആയി ഉയർന്ന സാഹചര്യത്തിൽ, വിവിധ ഭാഗങ്ങളിലായി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ഊർജിതമായി തുടരുകയാണ്.