കണ്ണൂർ: പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ അന്വേഷണസംഘം കണ്ടെടുത്തു. ആഭ്യന്തരമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇടാൻ ഉപയോഗിച്ചിരുന്ന ഐഫോണാണ് പിടിച്ചെടുത്തത്. അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് പിടിയിലായ അർജുൻ ആയങ്കി, ഫോൺ ഫ്ലാറ്റിലെ ഷൂ റാക്കിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്നതായി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ നടത്തിയ രഹസ്യ തെളിവെടുപ്പിലാണ് സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ഫോൺ കണ്ടെത്തിയത്.
പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഫേസ്ബുക്കിൽ കുറിപ്പുകൾ പ്രസിദ്ധീകരിച്ചത് താൻ തന്നെയാണെന്ന് അർജുൻ ആയങ്കി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെ വൈഫൈ കണക്ഷൻ ഉപയോഗിച്ചാണ് ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി. കണ്ണൂർ സൈബർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ, തന്റെ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ലെന്നും ഐഫോൺ ഉപയോഗിച്ചാണ് അക്കൗണ്ട് പ്രവർത്തിപ്പിച്ചതെന്നും അർജുൻ ആയങ്കി വ്യക്തമാക്കിയതായാണ് വിവരം.
കണ്ടെത്തിയ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോണിലെ വിവരങ്ങളും ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ലഭിച്ചതോടെ അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് വേഗത്തിലാക്കി.