ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ കാണിക്കപ്പണം മോഷണം പോയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു. ഈ ദൗർഭാഗ്യകരമായ സംഭവം മുതലെടുത്ത് ഹിന്ദുധർമ്മത്തെയും ഹിന്ദുസമൂഹത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികളുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.
രാമഭക്തരുടെയും മുഴുവൻ സമൂഹത്തിന്റെയും വിശ്വാസത്തെയും വികാരങ്ങളെയും ഈ സംഭവം വ്രണപ്പെടുത്തിയിട്ടുണ്ടെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥന പ്രകാരം ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തലമുറകളുടെ പോരാട്ടവും ദശലക്ഷക്കണക്കിന് രാമഭക്തരുടെ ത്യാഗവും ഭക്തിയും ചേർന്നാണ് ശ്രീരാമജന്മഭൂമിയിൽ ക്ഷേത്രം ഉയർന്നതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഇതിനെ അതീവ ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടു. ക്ഷേത്ര ഭരണ സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിച്ച് സുതാര്യമായ സാമ്പത്തിക മാനേജ്മെന്റും ഭക്തർക്ക് വിശ്വാസം പകരുന്ന സുരക്ഷിത അന്തരീക്ഷവും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തുന്ന സാഹചര്യങ്ങൾ ഇനി ഉണ്ടാകരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.