ശ്രീനഗർ: ഈ വർഷത്തെ അമർനാഥ് തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ജമ്മു-കശ്മീരിൽ സുരക്ഷാസേന വൻ ഭീകരവിരുദ്ധ ഓപ്പറേഷൻ ശക്തമാക്കി. പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനകളായ ലഷ്കർ-ഇ-ത്വയ്യിബ, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ പ്രധാന സഹായിയെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ ഹാജി ലത്തീഫിനെ കത്തുവ പൊലീസ് നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തു. ജൂലൈ 3-ന് ആരംഭിക്കുന്ന അമർനാഥ് തീർത്ഥാടനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു-കശ്മീരിലുടനീളം സുരക്ഷ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ നിർണായക അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഭീകരരെ നുഴഞ്ഞുകയറ്റുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന വ്യക്തിയാണ് ഹാജി ലത്തീഫ്. അതിർത്തി കടന്നെത്തുന്ന ഭീകരർക്ക് ഒളിത്താവളങ്ങൾ ഒരുക്കുക, ആയുധങ്ങളും മറ്റ് ലോജിസ്റ്റിക് സഹായങ്ങളും എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയിരുന്നു. കുറഞ്ഞത് 12 പാകിസ്ഥാൻ ഭീകരരെയെങ്കിലും ഇന്ത്യയിലേക്ക് കടത്തിവിടാൻ ഇയാൾ നേരിട്ട് സഹായിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സിയാൽക്കോട്ട് സെക്ടർ വഴി ഇന്ത്യയിലെത്തിയ ജെയ്ഷെ മുഹമ്മദ് കമാൻഡർമാരുമായി ഇയാൾ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും, പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായി ഇയാൾക്ക് വർഷങ്ങളായി ബന്ധമുണ്ടായിരുന്നതിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
അമർനാഥ് തീർത്ഥാടനം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തിരുന്ന ഭീകര ഗൂഢാലോചന ഹാജി ലത്തീഫിന്റെ അറസ്റ്റോടെ തകർക്കാൻ കഴിഞ്ഞതായാണ് വിലയിരുത്തൽ. തീർത്ഥാടനം സുരക്ഷിതമാക്കാൻ ജമ്മു-കശ്മീരിലുടനീളം സുരക്ഷാസേനയും സിവിൽ ഭരണകൂടവും സംയുക്തമായി വിപുലമായ മോക്ക് ഡ്രില്ലുകൾ ആരംഭിച്ചു കഴിഞ്ഞു. പഹൽഗാം, ബൽതാൽ എന്നീ യാത്രാമാർഗങ്ങളിൽ ഭീകരാക്രമണ പ്രതിരോധം, ദുരന്തനിവാരണം, അടിയന്തര രക്ഷാപ്രവർത്തനം എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനം നടക്കുന്നത്. സിആർപിഎഫ്, ജമ്മു-കശ്മീർ പൊലീസ്, ഇന്ത്യൻ സൈന്യം, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 3-ന് ആരംഭിച്ച് ഓഗസ്റ്റ് 28-ന് സമാപിക്കുന്ന 57 ദിവസത്തെ തീർത്ഥാടനം പൂർണ സുരക്ഷയിൽ പൂർത്തിയാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.