ശ്രീനഗർ: ഈ വർഷത്തെ അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അമർനാഥ് ഗുഹാക്ഷേത്രത്തിൽ പരമ്പരാഗത ‘പ്രഥമ പൂജ’ നിർവഹിച്ചു. ജ്യേഷ്ഠ പൗർണിമ ദിനമായ തിങ്കളാഴ്ച ‘ബാബാ ബർഫാനി’ എന്നറിയപ്പെടുന്ന ഹിമലിംഗത്തിന് മുന്നിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു. രാജ്യത്തെ ജനങ്ങളുടെ സമാധാനത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചതായി മനോജ് സിൻഹ അറിയിച്ചു. ശ്രീ അമർനാഥ് ജി ഷ്രൈൻ ബോർഡിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും തീർത്ഥാടനത്തിന് മുന്നോടിയായി നടത്തിവരുന്ന പ്രധാന ആചാരമാണ് പ്രഥമ പൂജ.
പൊതുജനങ്ങൾക്കായുള്ള വാർഷിക അമർനാഥ് തീർത്ഥാടനം ജൂലൈ 3-ന് ആരംഭിക്കും. 57 ദിവസം നീളുന്ന തീർത്ഥാടനം രക്ഷാബന്ധൻ ദിനമായ ഓഗസ്റ്റ് 28-ന് സമാപിക്കും. അനന്ത്നാഗ് ജില്ലയിലെ പഹൽഗാം പാതയിലൂടെയും ഗന്ദർബാൽ ജില്ലയിലെ ബാൽതാൽ പാതയിലൂടെയും തീർത്ഥാടനം നടക്കും. പരമ്പരാഗതവും ദൈർഘ്യമേറിയതുമായ പാതയാണ് പഹൽഗാമിലേത് എങ്കിൽ, ബാൽതാൽ പാത താരതമ്യേന കുറഞ്ഞ ദൂരമുള്ളതും ദർശനം നടത്തി വേഗത്തിൽ മടങ്ങാൻ സൗകര്യപ്രദവുമാണ്. തീർത്ഥാടകരുടെ ആദ്യ സംഘത്തെ ജൂലൈ 2-ന് ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യും.
തീർത്ഥാടന പാതകളിൽ ചരിത്രത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സമീപകാല സുരക്ഷാ സാഹചര്യങ്ങൾ കൂടി മുൻനിർത്തി, ഇന്ത്യൻ സൈന്യം, സി.ആർ.പി.എഫ്, ജമ്മു-കശ്മീർ പോലീസ് എന്നിവയുടെ നേതൃത്വത്തിൽ ബഹുതല സുരക്ഷാ വലയം സജ്ജമാക്കിയിട്ടുണ്ട്. ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 3 മുതൽ ഭക്തർക്ക് ബാബാ ബർഫാനിയുടെ ദർശനത്തിനായി മലകയറ്റം ആരംഭിക്കാം.