തിരുവനന്തപുരം: കാത്തിരുന്ന പൊന്നോണത്തിന്റെ വരവറിയിച്ച് മലയാളികളുടെ ഓണനാളുകൾക്ക് ഇന്ന് തുടക്കമായി. അത്തം പിറന്നതോടെ വീടുകളുടെ മുറ്റത്ത് പൂക്കളമൊരുങ്ങിത്തുടങ്ങി. തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ അത്തംഘോഷയാത്രയോടെയാണ് സംസ്ഥാനത്തെ പ്രധാന ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകുന്നത്. വരും ദിവസങ്ങളിൽ നാടും നഗരവും ഓണത്തിന്റെ നിറങ്ങളിലേക്ക് മാറും.
ഇത്തവണത്തെ ഓണാഘോഷത്തിന് ചില പ്രത്യേകതകളുണ്ട്. ചോതിനാൾ രണ്ടുദിവസം വരുന്നതിനാൽ അത്തം മുതൽ തിരുവോണം വരെയുള്ള നാളുകൾ 11 ദിവസമായി നീളുന്നു. അതിനാൽ പതിവിൽ നിന്ന് വ്യത്യസ്തമായി പതിനൊന്നാം ദിവസമാണ് തിരുവോണം എത്തുന്നത്. കൂടാതെ, കർക്കടകമാസത്തിന്റെ അവസാനദിനങ്ങളിലാണ് ഇത്തവണ അത്തം പിറക്കുന്നത് എന്നത് കലണ്ടറിലെ അപൂർവതയാണ്. ഓഗസ്റ്റ് 17-നാണ് ചിങ്ങപ്പിറവി. ഓഗസ്റ്റ് 25-ന് ഉത്രാടവും 26-ന് തിരുവോണവും ആഘോഷിക്കും.
അത്തം നാളായ ഇന്ന് തുമ്പപ്പൂവിനാണ് പൂക്കളത്തിൽ പ്രാധാന്യം. വരും ദിവസങ്ങളിൽ പൂക്കളത്തിന്റെ വലുപ്പവും നിറങ്ങളും വർധിക്കും. കേരളത്തിന്റെ അതിർത്തിക്കപ്പുറത്തുനിന്നും, പ്രത്യേകിച്ച് തോവാളയിൽ നിന്നും പൂക്കൾ എത്തിത്തുടങ്ങുന്നതോടെ വിപണി സജീവമാകും. പൂക്കളത്തോടൊപ്പം വള്ളംകളികൾ, കലാപരിപാടികൾ, ഓണസദ്യ, കുടുംബസംഗമങ്ങൾ എന്നിവയോടെ ഓണക്കാലം പൂരപ്രതീതിയിലെത്തും.
തൃപ്പൂണിത്തുറ അത്തംഘോഷയാത്ര കൊച്ചി രാജവംശത്തിന്റെ ചരിത്രവും കേരളത്തിന്റെ തനത് കലാപാരമ്പര്യവും കോർത്തിണക്കുന്ന ഒന്നാണ്. പുലികളി, ചെണ്ടമേളം, തെയ്യം, വേലകളി, ആട്ടക്കാവടി തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരും വിദ്യാർഥികളും അടങ്ങുന്ന വലിയ സംഘം ഇതിൽ അണിനിരക്കും.