പത്തനംതിട്ട: അടൂരിൽ യുവതിയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ താമസിക്കുന്ന ഷെഹനയെയാണ് (31) വീടിനുള്ളിലെ സ്റ്റെയറിന്റെ കൈപ്പിടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴംകുളം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് അസ്വാഭാവികമായ ബഹളവും ശബ്ദവും കേട്ടതിനെ തുടർന്ന് സമീപവാസികൾ നൽകിയ വിവരമനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഷെഹനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നതായും രക്തം വാർന്ന നിലയിലായിരുന്നെന്നുമാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഷെഹനയുടെ ആൺസുഹൃത്തിന്റെ ശരീരത്തിലും മുഖത്തും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നും മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഷെഹനയുടെ ശരീരത്തിലെ മുറിവുകൾ മരണത്തിന് മുമ്പുള്ളതാണോയെന്ന് വ്യക്തമാക്കാൻ ഫോറൻസിക് പരിശോധനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും നിർണ്ണായകമാകും. അസ്വാഭാവിക മരണത്തിന് കേസെടുത്ത അടൂർ പൊലീസ് വീട്ടിൽ നിന്നും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടരുകയാണ്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഷെഹനയ്ക്ക് ഒരു കുട്ടിയുണ്ട്.