അടിമാലി: ഭക്ഷണത്തിന്റെ അളവ് കുറവാണെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് വിനോദസഞ്ചാരികളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ അരുൺ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്.
പാലക്കാട് നിന്നെത്തിയ 25 അംഗ വിനോദസഞ്ചാര സംഘത്തിനായി അടിമാലിയിലെ ജെന്ന ഹോട്ടലിൽ ഭക്ഷണം ക്രമീകരിച്ചിരുന്നു. എന്നാൽ, ഭക്ഷണത്തിന്റെ അളവിനെയും വൃത്തിയെയും ചൊല്ലി ടൂർ പാക്കേജറുമായി വിനോദസഞ്ചാരികൾ തർക്കത്തിലേർപ്പെട്ടു. ഈ സമയത്ത് ഹോട്ടലിന് മുന്നിൽ ബഹളം വെക്കരുതെന്ന് ആവശ്യപ്പെട്ട മാനേജർക്ക് നേരെ സംഘത്തിലെ മൂന്ന് പേർ കല്ലുപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരനായ നിഷാദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ എറണാകുളത്തെ രാജഗിരി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ മറ്റു രണ്ട് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അടിമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.